പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നാളെമുതൽ (28-2-26)പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരാകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും.