എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നല്‍കിയത് ചോദ്യം ചെയ്ത് ഹർജിയില്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണം എന്നറിയിച്ച കോടതി വെള്ളാപ്പള്ളി ഉള്‍പ്പെടെ എല്ലാ എതിർ കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും പുരസ്കാരം നല്‍കുന്നത് തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയില്‍, വെള്ളാപ്പള്ളിക്ക് പുരസ്കാരം നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിക്കെതിരെ അഴിമതി കേസുകളും ആത്മഹത്യാ പ്രേരണാ കേസുകളും നിലവിലുണ്ടെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉയർന്ന സിവിലിയൻ ബഹുമതി നല്‍കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ഹർജിക്കാർ വാദിക്കുന്നു. പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്ര സർക്കാരിന് വീഴ്ച പറ്റിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.