യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന സുരക്ഷിതവും ഡിജിറ്റലായി ഒപ്പിട്ടതുമായ രേഖയാണ് പേപ്പർലെസ് ആധാർ.ആധാർ നമ്ബറോ ബയോമെട്രിക് വിവരങ്ങളോ കൈമാറാതെ തന്നെ ഒരാള്‍ക്ക് തന്റെ വ്യക്തിത്വം തെളിയിക്കാൻ ഇതിലൂടെ സാധിക്കും. ഇതില്‍ പേര്, വിലാസം, ഫോട്ടോ, ലിംഗഭേദം, ജനനത്തീയതി എന്നിവയും മൊബൈല്‍ നമ്ബറിന്റെയും ഇമെയിലിന്റെയും ഹാഷ് ചെയ്ത വിവരങ്ങളും അടങ്ങിയിരിക്കുന്നു.
പേപ്പർലെസ് ആധാർ ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം
ആദ്യം യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് (uidai.gov.in) സന്ദർശിക്കുക.
അവിടെയുള്ള 'ആധാർ പേപ്പർലെസ് ഓഫ്‌ലൈൻ ഇ-കെ വൈ സി' (Aadhaar Paperless Offline e-KYC) എന്ന സെക്ഷനില്‍ പ്രവേശിക്കുക.
നിങ്ങളുടെ 12 അക്ക ആധാർ നമ്ബറോ അല്ലെങ്കില്‍ വിർച്വല്‍ ഐഡിയോ (VID) നല്‍കുക. സ്ക്രീനില്‍ കാണുന്ന സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്ത ശേഷം 'സെൻഡ് ഒ ടി പി' (Send OTP) ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് വരുന്ന ഒ ടി പി നിശ്ചിത കോളത്തില്‍ നല്‍കുക. (m-Aadhaar ആപ്പ് വഴിയും ഒ ടി പി ലഭ്യമാണ്).
ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിന് പാസ്‌വേഡായി പ്രവർത്തിക്കാൻ നാലക്കമുള്ള ഒരു 'ഷെയർ കോഡ്' (Share Code) നല്‍കുക. തുടർന്ന് 'ഡൗണ്‍ലോഡ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഡിജിറ്റലായി ഒപ്പിട്ട എക്സ് എം എല്‍ (XML) അടങ്ങിയ ഒരു സിപ്പ് (Zip) ഫയല്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും.
എങ്ങനെ ഉപയോഗിക്കാം?
ഡൗണ്‍ലോഡ് ചെയ്ത സിപ്പ് ഫയല്‍ ആവശ്യമായ സർവീസ് പ്രൊവൈഡർക്ക് കൈമാറാം.
ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത സമയത്ത് നിങ്ങള്‍ നല്‍കിയ 'ഷെയർ കോഡ്' അവർക്ക് നല്‍കുക.
നിങ്ങളുടെ ആധാർ നമ്ബറോ വിരലടയാളമോ ആവശ്യമില്ലാതെ തന്നെ സർവീസ് പ്രൊവൈഡർക്ക് നിങ്ങളുടെ വിവരങ്ങള്‍ ഓഫ്‌ലൈനായി പരിശോധിക്കാൻ സാധിക്കും.
ബാങ്കിംഗ് സേവനങ്ങള്‍, സിം കാർഡ് എടുക്കല്‍ തുടങ്ങിയ കെ വൈ സി (KYC) നടപടികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.