വളര്‍ത്തുനായ മുറിവില്‍ നക്കിയതിനെതുടർന്നു 56 -കാരിക്ക് ആറ് ഹൃദയസ്തംഭനം, ഒടുവില്‍ കൈകാലുകള്‍ മുറിച്ചു മാറ്റി

വളർത്തുനായയോടൊപ്പം സമയം ചെലവഴിക്കുന്നതിനിടെ ഉണ്ടായ ചെറിയൊരു അശ്രദ്ധ ബ്രിട്ടനില്‍ താമസിക്കുന്ന 56-കാരിയായ മഞ്ജിത് സംഘ എന്ന ഫാർമസി ജീവനക്കാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.

ശരീരത്തിലെ ചെറിയൊരു മുറിവില്‍ നായ നക്കിയതിനെ തുടർന്നുണ്ടായ അണുബാധ മൂലം മഞ്ജിത്തിന്‍റെ രണ്ട് കൈപ്പത്തികളും രണ്ട് കാലുകളും ശസ്ത്രക്രിയയിലൂടെ മുറിച്ച്‌ മാറ്റേണ്ടി വന്നു.

ആറ് തവണ ഹൃദയസ്തംഭനം

2025 ജൂലൈയില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഞ്ജിത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാല്‍, അടുത്ത ദിവസം രാവിലെയായപ്പോഴേക്കും അവരുടെ ആരോഗ്യനില ഗുരുതരമായി. കൈകാലുകള്‍ ഐസ് പോലെ തണുക്കുകയും ചുണ്ടുകള്‍ നീലനിറമാവുകയും ചെയ്തു. കൂടാതെ ശ്വാസമെടുക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. പിന്നാലെ അബോധാവസ്ഥയിലായ അവരെ ഉടൻ തന്നെ വോള്‍വർഹാംപ്ടണിലെ ന്യൂ ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച്‌ ആറ് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും പല അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്‌സിസ്

നായ്ക്കളുടെ ഉമിനീരില്‍ സാധാരണയായി കണ്ടുവരുന്ന കാപ്നോസൈറ്റോഫാഗ കനിമോർസസ് (Capnocytophaga canimorsus) എന്ന ബാക്ടീരിയ മഞ്ജിത്തിന്‍റെ ശരീരത്തിലെ ചെറിയൊരു പോറലിലൂടെ രക്തത്തില്‍ കലർന്നതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഈ ബാക്ടീരിയ മൃഗങ്ങള്‍ക്ക് ഹാനികരമല്ലെങ്കിലും, മനുഷ്യരിലെത്തിയാല്‍ അപൂർവ്വമായി മാരകമായ സെപ്‌സിസ് (Sepsis) എന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.ശരീരത്തിലുടനീളം അണുബാധ പടർന്നതിനെത്തുടർന്ന് ജീവൻ രക്ഷിക്കാനായി മുട്ടിന് താഴെ വെച്ച്‌ രണ്ട് കാലുകളും രണ്ട് കൈപ്പത്തികളും മുറിച്ചുമാറ്റി. കൂടാതെ അവരുടെ പ്ലീഹയും (Spleen) നീക്കം ചെയ്യേണ്ടി വന്നു. ഏകദേശം 32 ആഴ്ചയോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം മഞ്ജിത് ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി. റോബോട്ടിക് കൈകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക കൃത്രിമ അവയവങ്ങള്‍ ഘടിപ്പിക്കുന്നതിനായി ഈ കുടുംബം ഇപ്പോള്‍ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവ് വരും. വലിയ പ്രതിസന്ധികള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് മഞ്ജിത്തും കുടുംബവും.

എന്താണ് സെപ്‌സിസ്?

ശരീരത്തിലുണ്ടാകുന്ന ഒരണുബാധയോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് മരണത്തിന് വരെ കാരണമാകാം.

Vartha Malayalam News - local news, national news and international news.