ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ കൂടി ബി.ജെ.പി പിടിച്ചെടുത്തതോടെ രാജ്യത്ത് ബി.ജെ.പി സഖ്യം ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ 22 ആയി ഉയർന്നു.
തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ഇത് 21 ആയിരുന്നു. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമായി നടന്ന വോട്ടെടുപ്പില്‍ അസമിലും പുതുച്ചേരിയിലും ബി.ജെ.പി ഭരണം നിലനിർത്തി.
ഇതോടെ പ്രതിപക്ഷ സഖ്യം ആറു സംസ്ഥാനങ്ങളിലായി ചുരുങ്ങി. നിലവില്‍ ജമ്മു കശ്മിർ, ഹിമാചല്‍ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, കർണാടക, കേരളം എന്നിവയാണ് പ്രതിപക്ഷ സഖ്യം ഭരിക്കുന്ന സംസ്ഥാനങ്ങള്‍. 2014ല്‍ എൻ.ഡി.എ 16 സംസ്ഥാനങ്ങളിലും ഇൻഡ്യാ ബ്ലോക്കിലെ നിലവിലെ ഘടകകക്ഷികള്‍ 10 സംസ്ഥാനങ്ങളിലും മറ്റ് പ്രാദേശിക പാർട്ടികള്‍ അഞ്ചു സംസ്ഥാനങ്ങളിലുമാണ് അധികാരത്തിലുണ്ടായിരുന്നത്. 2019 ആയപ്പോഴേക്കും എൻ.ഡി.എ 18 സംസ്ഥാനങ്ങളിലും ഇൻഡ്യാ സഖ്യം ആറ് എണ്ണത്തിലുമായി മാറി.
എങ്കിലും പ്രാദേശിക പാർട്ടികള്‍ക്ക് ആറു സംസ്ഥാനങ്ങളില്‍ അധികാരം നിലനിർത്താനായി. 2024 അവസാനത്തോടെ എൻ.ഡി.എ 18 സംസ്ഥാനങ്ങളിലും ഇൻഡ്യാ സഖ്യം ആറിലം പ്രാദേശിക പാർട്ടികള്‍ അഞ്ചിലും ആയി തുടർന്നു. ഇപ്പോള്‍, ബി.ജെ.പി ഇതര ഇൻഡ്യ ബ്ലോക്ക് ഇതര പാർട്ടികള്‍ ഭരിക്കുന്നത് മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ്. അതേസമയം, പശ്ചിമ ബംഗാളില്‍ കൂടി ബി.ജെ.പി അധികാരത്തിലേറിയതോടെ പാർട്ടി നേരിട്ടോ സഖ്യംചേർന്നോ ഭരിക്കാത്ത സംസ്ഥാനങ്ങളുടെ എണ്ണം നാലായി ചുരുങ്ങി. കേരളം, തമിഴ്നാട്, തെലങ്കാന, മിസോറം എന്നിവയാണിവ.
തമിഴ്നാട്ടില്‍ ബി.ജെ.പി വിവിധ തെരഞ്ഞെടുപ്പുകളില്‍ ദ്രാവിഡ പാർട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സംസ്ഥാന ഭരണത്തിന്റെ ഭാഗമായിട്ടില്ല. 2014ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ബി.ജെ.പിക്ക് അവിടെ ഭരണം ലഭിച്ചിട്ടില്ല. അതേസമയം, അവിഭക്ത ആന്ധ്രപ്രദേശില്‍ മുമ്പ് ബി.ജെ.പി ഭരണസഖ്യത്തിന്റെ ഭാഗമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ബി.ജെ.പി ഭരണത്തിലുണ്ടെങ്കിലും മിസോറമില്‍ ഇതുവരെ ഭരണസഖ്യത്തിന്റെ ഭാഗമായിട്ടില്ല. സോറം പീപ്പിള്‍സ് മൂവ്മെന്റ് ആണ് നിലവില്‍ മിസോറം ഭരിക്കുന്നത്.