റിലയൻസ് കമ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ 'അബോഡ്' ഇഡി താത്കാലികമായി കണ്ടുകെട്ടി.
17 നിലകളുള്ള, 66 മീറ്ററോളം ഉയരമുള്ള ഈ കെട്ടിടത്തിന് ഏകദേശം 3,716 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്. ഹെലിപാഡ്, സ്വിമ്മിങ് പൂള്‍, ജിം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ഈ വസതി ഉള്‍പ്പെടെ അനില്‍ അംബാനിയുടെയും ഗ്രൂപ്പ് കമ്പനികളുടെയും 15,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് ഇതുവരെ അന്വേഷണ ഏജൻസി പിടിച്ചെടുത്തത്.
2010-നും 2012-നും ഇടയില്‍ ആർകോമും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് ഇന്ത്യയിലെയും വിദേശത്തെയും വിവിധ ബാങ്കുകളില്‍ നിന്നായി 40,000 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ തുക വകമാറ്റിയെന്നും തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെത്തുടർന്നാണ് ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇഡി നടപടികള്‍ വേഗത്തിലാക്കിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കും ഈ കേസില്‍ നിലവില്‍ പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അനില്‍ അംബാനിക്ക് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത്; ഇതിനുമുമ്പ് 2025 ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബറില്‍ 473 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെ ഇപ്പോള്‍ നടന്നിരിക്കുന്ന വൻതോതിലുള്ള സ്വത്ത് കണ്ടുകെട്ടല്‍ റിലയൻസ് ഗ്രൂപ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.