ജപ്പാനിലെ ഇച്ചികാവാ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടികുരങ്ങൻ ഇന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. ഒരു പാവയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന പഞ്ചിൻ്റെ ചിത്രം എല്ലാവരുടെയും കണ്ണ് നിറക്കുന്നതാണ്. മക്കാത്ത് വിഭാഗത്തിൽപ്പെടുന്ന അമ്മക്കുരങ്ങുകൾ പ്രസവിച്ചയുടനെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് സ്വാഭാവികമാണ്. ഇത് കുട്ടിക്കുരങ്ങനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായി മാറി. അമ്മ ഉപേക്ഷിച്ച് പോയതോടെ മറ്റ് കുരങ്ങുകളും അവനെ ഒറ്റപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങി. മൃഗശാല സംരക്ഷകരുടെ സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവൻ്റെ ഏക ആശ്വാസം. അവരിൽ ഒരാൾ സമ്മാനിച്ച ഒറാങ് ഉട്ടാൻ പാവയെ പിന്നീട് അവൻ ഉറങ്ങുമ്പോൾ ചേർത്തു പിടിക്കുന്നതും മറ്റു കുരങ്ങുകൾ ഉപദ്രവിക്കുമ്പോൾ അതിൻ്റെ മറവിൽ ഒളിക്കുന്നതും അമ്മയെപ്പോലെ കരുതി കൊണ്ട് നടക്കുന്നതും ലോകം മുഴുവൻ സങ്കടത്തോടെ കണ്ടുനിന്നു. എന്നാൽ ഒറ്റപ്പെടലുകളെ അതിജീവിച്ച പഞ്ചിനെ ചേർത്ത് പിടിക്കാൻ ഇന്ന് മുതിർന്ന കുരങ്ങുകൾ ഉണ്ട്. അവർ അവനെ ചേർത്ത് പിടിക്കുമ്പോൾ ലോകം ഒരു ചെറു പുഞ്ചിരിയോടെ ആ കാഴ്ച കണ്ട് ആശ്വസിക്കുന്നു.