വാർത്താസമ്മേളനത്തില്‍ വിവാദ പരാമർശം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയായിരുന്നു പരാമർശം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രേവന്ത് റെഡ്ഡി 'പോ മോനെ വിജയ' എന്ന് പറഞ്ഞതിനെക്കുറിച്ച് മാദ്ധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതിനുള്ള മറുപടി വരുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡാഷ് മോനെ രേവന്താ.. എന്നും പരാമർശം നടത്തി. കണ്ണൂരില്‍ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പരാമർശം.
കൂടാതെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണെന്നും കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തില്‍ അടുത്തിടെ കേരളത്തില്‍ അരങ്ങേറിയ മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
'സിപിഎം - ബിജെപി ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുന്നത്. ബിജെപിക്ക് ആളുകളെ സപ്ലെെ ചെയ്യുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ മക്കള്‍ ഇപ്പോള്‍ എവിടെയാണ്? 2016ല്‍ നേമത്ത് ഒ രാജാഗോപാലിനെ ജയിപ്പിച്ചതും കോണ്‍ഗ്രസാണ്. ഇത്തരം ഡീല്‍ സിപിഎമ്മിന് അണിയാൻ പറ്റിയ കുപ്പായമല്ല. അത് നിങ്ങള്‍ സ്വയം അണിയുക.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. പ്രളയം മനുഷ്യനിർമിതമല്ലെന്ന് വിദഗ്ധർ തന്നെ പറഞ്ഞു. മറ്റെല്ലാം ദുരാരോപണങ്ങള്‍ മാത്രമാണ്. ജി സുധാകരന്റെ സഹോദരനായ ജി ഭുവനേശ്വരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെയാണെന്ന് ജി സുധാകരനും നാടിനും അറിയുന്ന കാര്യമാണ്. ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെപോലും അപമാനിക്കുന്ന പ്രസ്താവന നടത്താൻ സുധാകരൻ തയ്യാറാകുന്നു. ചില പ്രത്യേക വികാരങ്ങള്‍ അവിടെ ഉയർത്തിവിടാനുള്ള ശ്രമമാണ് നടത്തുന്നത്. പക്ഷേ ഇതൊന്നും അമ്പലപ്പുഴയില്‍ ഏല്‍ക്കില്ല. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ പെെതൃകം ഉള്‍ക്കൊള്ളുന്ന നാടാണ്. അവിടെ ഒരുതരത്തിലുള്ള പോറലും എല്‍ഡിഎഫിന് ഉണ്ടാകില്ല. കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്താൻ ഇതുപോലെയുള്ള പരാമർശങ്ങള്‍ ഇനിയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാം'- മുഖ്യമന്ത്രി വ്യക്തമാക്കി.