നടന്‍ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു ; ക്യാരക്ടര്‍ റോളിലും വില്ലന്‍ റോളിലും ഒരുപോലെ തിളങ്ങിയ താരം

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

ആശുപത്രിയില്‍ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംസ്‌കാരം വെളളിയാഴ്ച തൃശ്ശൂരില്‍ വെച്ച്‌ നടക്കും. നടനും എംഎല്‍എയുമായ എം. മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്ബരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍ തുടങ്ങി നിരവധി സിനിമളില്‍ അഭിനയിച്ചു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ച രാജേന്ദ്രന്‍ ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സും പഠിച്ചിട്ടുണ്ട്.

പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു.

നാടകത്തിലെ അതിശയോക്തി കലര്‍ന്ന അഭിനയ രീതിയില്‍ നിന്ന് മാറി സിനിമയുടെ സ്വാഭാവികതയുമായി എളുപ്പത്തില്‍ ഇണങ്ങുകയായിരുന്നു രാജേന്ദ്രന്‍. കുറഞ്ഞ സംഭാഷണങ്ങളിലൂടെയും നോട്ടത്തിലൂടെയും ആ കഥാപാത്രത്തിന്റെ ഗൗരവവും കാര്‍ക്കശ്യവും രാജേന്ദ്രന്‍ ഫലപ്രദമായി അവതരിപ്പിച്ചു. മലയാള സിനിമയിലെ സ്ഥിരം വില്ലന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, അധികാരവും സ്ഥാനമാനങ്ങളുമുള്ള വില്ലന്‍ വേഷങ്ങളാണ് രാജേന്ദ്രന്‍ കൂടുതല്‍ ചെയ്തത്. വില്ലന്‍ വേഷങ്ങളിലും ഒരു തരം ഗൗരവം നിലനിര്‍ത്താന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നു.

തന്റേടമുള്ള, കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള രാജേന്ദ്രന്റെ കഴിവ് നരസിംഹം പോലുള്ള ചിത്രങ്ങളില്‍ പ്രകടമായിരുന്നു. സിനിമയുടെ മാറിയ രീതിക്കനുസരിച്ച്‌ തന്റെ ശൈലി മാറ്റാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകള്‍ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുകേഷ് ഭാര്യ സഹോദരനാണ്.

Vartha Malayalam News - local news, national news and international news.