മുരിയാട്: മുരിയാടുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ സഭ) ആസ്ഥാനത്ത് നടന്ന രാജ്യത്വ തിരുനാൾ ആഘോഷങ്ങൾ വിശ്വാസികൾക്ക് നിറപ്പകിട്ടാർന്ന ആത്മീയാനുഭവമായി. യേശുക്രിസ്തുവിന്റെ രാജ്യത്വം വിളംബരം ചെയ്യുന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേരാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് മുരിയാടുള്ള സീയോൻ ക്യാമ്പസിലേക്ക് ഒഴുകിയെത്തിയത്.
ആദിമ ദൈവജനത്തിലെ പന്ത്രണ്ട് ഗോത്രങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് പന്ത്രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ വിശ്വാസികൾ ആഘോഷ പരിപാടികളിൽ ഏറെ ശ്രദ്ധേയമായി. അന്ധകാരാധിപത്യത്തിൽ നിന്നും ദൈവപുത്രൻ വാഗ്ദാനം ചെയ്യുന്ന പ്രകാശത്തിന്റെ രാജ്യത്തിലേക്കുള്ള വളർച്ചയാണ് ഈ തിരുനാൾ പകർന്നു നൽകുന്ന യഥാർത്ഥ സന്ദേശമെന്ന് സഭ വ്യക്തമാക്കി.
ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ആഘോഷ ചടങ്ങുകൾക്ക് പിന്നാലെ ദൈവാരാധന, വചനപ്രഘോഷണം, വിശുദ്ധ കുർബാന, സ്നേഹവിരുന്ന് എന്നിവയും നടന്നു. തിരുനാൾ ശുശ്രൂഷകൾക്ക് സഭാധ്യക്ഷൻ റവ. ബിനോയ് മണ്ഡപത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. സഹശുശ്രൂഷകരായ ജിന്റോ കുര്യൻ, ജോബ്, അനീഷ് നീലങ്കാവിൽ, ജനിൽ ജോസ്, ജിബിൻ പയസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.