ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടത്തിവന്ന സംഘത്തിലെ മുഖ്യ ആസൂത്രകന്‍ ചങ്കൂര്‍ ബാബയേയും സഹായിയേയും അറസ്റ്റ് ചെയ്തു.
ബല്‍റാംപൂര്‍ സ്വദേശികളായ ചങ്കൂര്‍ ബാബ എന്നറിയപ്പെടുന്ന ജലാലുദ്ദീന്‍, ഇയാളുടെ സഹായി നീതു എന്ന നസ്രീന്‍ എന്നിവരെയാണ് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിനെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ ലഖ്നൗ ജില്ലാ ജയിലിലേക്ക് മാറ്റി.
പ്രതികള്‍ പാവപ്പെട്ട തൊഴിലാളികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, വിധവകള്‍ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പണം നല്‍കിയും വിവാഹവാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചാണ് മതം മാറ്റിയിരുന്നത്. സമ്മതിക്കാത്തവരെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും മതം മാറ്റാന്‍ ശ്രമിച്ചിരുന്നതായും എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു.
ലഖ്നൗ ഗോമതിനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഏപ്രില്‍ എട്ടിന് ജലാലുദ്ദീന്റെ മകന്‍ മെഹബൂബ്, സഹായി നവീന്‍ എന്ന ജമാലുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജലാലുദ്ദീനെ അറസ്റ്റ് ചെയ്തത്. 2021ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.