"സംസ്ഥാനത്തെ അപമാനിക്കാനുള്ള നീക്കം"; 'കേരള സ്റ്റോറി 2'വിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: 'കേരളാ സ്റ്റോറി 2'വിനെതിരെ വിമർശനമുന്നയിച്ച്‌ മന്ത്രി വി. ശിവൻകുട്ടി. 'കേരള സ്റ്റോറി 2'ൻ്റെ ട്രെയ്‌ലറിലൂടെ കേരളത്തെ ആക്ഷേപിക്കുകയാണ് എന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേരളത്തെ കുറിച്ച്‌ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ് സിനിമയെന്നും മന്ത്രി വിമർശിച്ചു.

അതേസമയം, ഇത്തവണ തിരുവനന്തപുരം ജില്ലയിലെ കോവളമടക്കം എല്ലാ സീറ്റുകളും ഇത്തവണ എല്‍ഡിഎഫ് പിടിക്കുമെന്ന് ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ മത്സരിക്കാൻ ഇടതുമുന്നണിയില്‍ ആവശ്യത്തിന് ആളുണ്ട്. മറ്റ് മുന്നണികളെപ്പോലെ ലേലം വിളിക്കേണ്ട ആവശ്യം എല്‍ഡിഎഫിന് ഇല്ല. കോർപ്പറേഷനിലേത് പ്രത്യേക രാഷ്ട്രീയ സാഹചര്യം ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷി സംവരണ നിയമനത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ഭിന്നശേഷി സംവരണ നിയമനത്തില്‍ രാഷ്ട്രീയമില്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി ഉണ്ടായിരുന്നു. എൻഎസ്‌എസ് മാനേജ്മെൻ്റ് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്. ക്രൈസ്തവ സഭാ മാനേജ്മെൻ്റുകള്‍ വിഷയത്തില്‍ കോടതിയെ സമീപിച്ചിരുന്നില്ലെന്നും. എൻഎസ്‌എസിൻ്റെ വിധി എല്ലാ മാനേജ്മെൻ്റുകള്‍ക്കും ബാധകമാക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Vartha Malayalam News - local news, national news and international news.