അമ്മയെ തീർത്തു എനിക്കിനി അച്ഛനെയും തീർക്കണം ;ഞെട്ടിക്കുന്ന വിവരങ്ങൾ

കൊളക്കാടിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ക്രിസ്റ്റി (25) പൊലിസ് പിടിയിലായി. കൊലപാതകത്തിന് പിന്നാലെ പൊലിസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ “എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്, ഇനി അവർ എന്നെ ഉപദേശിക്കേണ്ട കാര്യമില്ല” എന്ന് അയൽവാസിയോട് പറഞ്ഞുവെന്ന വിവരമാണ് പുറത്തുവന്നത്.

ഗീതമ്മയുടെ വീടിന് സമീപം താമസിക്കുന്ന കെ.വി. നിപുൻ പറഞ്ഞതനുസരിച്ച്, രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് ഇയാൾ വീട്ടിലെത്തിയത്. അപ്പോൾ ഗീതമ്മയുടെ സഹോദരന്മാരും ക്രിസ്റ്റിയും തമ്മിൽ കയ്യാങ്കളി നടക്കുകയായിരുന്നു. പിടിച്ചുമാറ്റുന്നതിനിടെയാണ് “പെങ്ങളെ ഇവൻ കൊന്നു” എന്ന നിലവിളി കേട്ടത്. വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ ഗീതമ്മയെ കിടക്കയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും കൊല്ലുമെന്ന് ആക്രോശിച്ച് ക്രിസ്റ്റി പുറത്തേക്ക് പോയതായും പിന്നീട് സമീപത്തെ കടയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയതായും നിപുൻ പറഞ്ഞു. തുടർന്ന് ഇയാളെ സമാധാനിപ്പിച്ച്, ക്രിസ്റ്റിയുടെ അഭ്യർത്ഥന പ്രകാരം സ്കൂട്ടറിൽ പൊലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതായും പിന്നീട് കൊച്ചിയിൽ താമസിച്ചിരുന്ന ഇയാൾ ഒരു മാസമായി വീട്ടിലുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്ന ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിങ് ഷോപ്പും നടത്തി വരികയായിരുന്നു. സംഭവസമയത്ത് ഭർത്താവ് തങ്കച്ചൻ സ്ഥലത്തില്ലായിരുന്നു.

പ്രതി സ്ഥിരമായി ലഹരിക്ക് അടിമയായിരുന്നുവെന്ന നാട്ടുകാരുടെ ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ കേളകം പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.