ശരീരമാകെ വെടിയേറ്റ് തുളഞ്ഞ നിലയിൽ, ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കൂറുമാറി റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടുശരീരമാകെ വെടിയേറ്റ് തുളഞ്ഞ നിലയിൽ, ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കൂറുമാറി റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടു

മാഡ്രിഡ്: റഷ്യൻ പക്ഷത്ത് നിന്ന് ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കൂറുമാറിയ റഷ്യൻ പൈലറ്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. സ്പെയിനിലെ ഭൂഗർഭ ഗാരേജിലാണ് ശരീരമാകെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവ പൈലറ്റിനെ കണ്ടെത്തിയത്. മാക്സിം കുസ്മിനോവ് താൻ ഉപയോഗിച്ചിരുന്ന എംഐ 8 ഹെലികോപ്ടർ അടക്കം യുക്രൈൻ പക്ഷത്തേക്ക് കഴിഞ്ഞ ആഗസ്റ്റിലാണ് കൂറ് മാറിയത്. ഇതിന് ശേഷം സ്പെയിനിൽ യുക്രൈൻ പാസ്പോർട്ടിൽ മറ്റൊരു പേരിലായിരുന്നു മാക്സിം കുസ്മിനോവ് കഴിഞ്ഞിരുന്നത്. റഷ്യൻ പൈലറ്റിന്റെ കൂറുമാറ്റം അന്തർദേശീയ മാധ്യമങ്ങൾ അടക്കം ഏറെ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടത്.

ശരീരമാകെ വെടിയേറ്റ് തുളഞ്ഞ നിലയിലാണ് യുവ പൈലറ്റിനെ കണ്ടെത്തിയത്. തെക്കൻ സ്പെയിനിലെ അലികാന്റേക്ക് സമീപമുള്ള വില്ലജോയോസയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടതായി യുക്രൈൻ സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മരം വെടിയേറ്റാണെന്ന് പ്രതികരിച്ച സ്പെയിൻ പൊലീസ് പക്ഷേ മരിച്ചത് മാക്സിം കുസ്മിനോവ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ സ്പെയിൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേർ കാറിൽ രക്ഷപ്പെട്ട് പോയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ കാർ സമീപ നഗരത്തിൽ പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. യുവ പൈലറ്റിന്റെ കൂറ് മാറ്റം യുക്രൈൻ വലിയ നേട്ടമായാണ് നിരീക്ഷിച്ചത്. 

റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിന്‍റെ കടുത്ത വിമർശകനായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ജയിലിൽ വച്ച് മരിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. യെമലോ-നെനെറ്റ്‌സ് മേഖലയിലെ ജയിൽ സേനയാണ് നവാൽനി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച് ബോധംകെട്ട് വീണ നവാൽനി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ വാർത്താ കുറിപ്പിലൂടെ വിശദമാക്കിയത്. ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്‍റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. 

Vartha Malayalam News - local news, national news and international news.