കഞ്ചാവ് വലിക്കാം,മൂന്ന് ചെടികൾ വരെ നട്ടുവളര്‍ത്താം; പുതിയ നിയമം ആഘോഷമാക്കി ജനം

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജര്‍മ്മനി. ജര്‍മ്മനിയില്‍ ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി പൊതുസ്ഥലത്ത് 25 ഗ്രാം കഞ്ചാവ് വരെ കൈവശം വെക്കാന്‍ സാധിക്കും. കൂടാതെ 50 ഗ്രാം വരെ വീട്ടില്‍ സൂക്ഷിക്കാനുമാകും.

നിയമം നടപ്പിലായതോടെ പ്രായപൂര്‍ത്തിയായവര്‍ക്ക് വ്യക്തിഗത ഉപയോഗത്തിനായി വീട്ടില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താം. കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മ്മന്‍ പാര്‍ലമെന്റ് കഴിഞ്ഞ ഫെബ്രുവരിയിലാണ് അംഗീകാരം നല്‍കിയത്. നിയമം നടപ്പാക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാനായി ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ അര്‍ധരാത്രി ആളുകള്‍ തടിച്ചുകൂടി. ആഘോഷങ്ങളുടെ ഭാഗമായി സ്‌മോക്ക് ഇന്‍ പരിപാടികളും സംഘടിപ്പിച്ചു. 

പ്രത്യേക കഞ്ചാവ് ക്ലബ്ബുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ പരിമിതമായ അളവില്‍ കഞ്ചാവ് വളര്‍ത്താനും വാങ്ങാനും അനുമതിയുണ്ട്. ക്ലബ്ബുകളില്‍ 500 അംഗങ്ങള്‍ വരെയാകാം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള വിലക്ക് കര്‍ശനമായി തുടരും. അതേസമയം സ്‌കൂളുകള്‍ കളിസ്ഥലങ്ങള്‍ എന്നിവയുടെ സമീപത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. മാള്‍ട്ടയ്ക്കും ലക്‌സംബര്‍ഗിനും ശേഷം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന യൂറോപ്പിലെ മൂന്നാമത്തെ രാജ്യമാണ് ജര്‍മ്മനി. 

Vartha Malayalam News - local news, national news and international news.