കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ ഇനി സ്റ്റാറ്റസായി ഇടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ മാറ്റവുമായി വീണ്ടും വാട്സ്ആപ്പ്. ഇനി അധികം വൈകാതെ വാട്സ്ആപ്പിൽ അധികം കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്ന ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. അതേസമയം വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ പുതിയ ഫീച്ചർ ഇതിനൊടക്കം ലഭ്യമാണ്.

നിലവിൽ പരമാവധി 30 സെക്കന്റ് വരെയുള്ള വീഡിയോ ക്ലിപ്പുകളാണ് ഒരു സ്റ്റാറ്റസിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടുന്നവർ അവ 30 സെക്കന്റ് വീതമുള്ള ഭാഗങ്ങളാക്കി മുറിച്ചാണ് ഇടുന്നത്. വീഡിയോ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 60 സെക്കന്റായി വർദ്ധിപ്പിക്കുന്നതോടെ കൂടുതൽ വലിയ വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ സാധിക്കും. ആൺഡ്രോയിഡ് ഉപകരണങ്ങൾക്കായുള്ള വാട്സ്ആപിന്റെ ബീറ്റ പതിപ്പ് 2.24.7.6 ലഭ്യമായവർക്ക് ഇപ്പോൾ തന്നെ ഇത് സാധ്യമാവുന്നുണ്ട്. വാട്സ്ആപിന്റെ ബീറ്റ ടെസ്റ്റർ പദ്ധതിയുടെ ഭാഗമായി മാറിയവർക്കാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്.

സ്റ്റാറ്റസുകളുടെ കാര്യത്തിന് പുറമെ മറ്റൊരു പ്രധാന അപ്‍ഡേഷനും വാട്സ്ആപിന്റെ ബീറ്റയിൽ ലഭ്യമായിട്ടുണ്ട്. വാട്സ്ആപ് ഉപയോഗിച്ചുള്ള യുപിഐ പണം കൈമാറ്റങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള ഫീച്ചറാണിത്. ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുന്നതാണ് പ്രധാന മാറ്റം. ഇതിനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാക്കി. ചാറ്റ് ലിസ്റ്റിന് മുകളിലായി എപ്പോഴും ക്യു.ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഒരു ഐക്കൺ ബീറ്റ പതിപ്പിൽ എത്തിക്കഴിഞ്ഞു. ടെസ്റ്റിങ് കാലയളവ് പൂർത്തിയാവുന്നതോടെ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

Vartha Malayalam News - local news, national news and international news.