ഭൂമിയെ ചുഴറ്റിയെറിയാൻ തയ്യാറെടുപ്പുകളുമായി സൗര കൊടുങ്കാറ്റ്; ആശയവിനിമയ സംവിധാനങ്ങളെ സാരമായി ബാധിക്കുമെന്ന് സൂചന; ശാസ്ത്രരംഗത്ത് വീണ്ടും ചർച്ചയായി സോളാർ മാക്സിമം

കാലങ്ങൾക്കു ശേഷം സൗരകൊടുങ്കാറ്റുകളും സൂര്യന്റെ സൗരചക്രങ്ങളുമെല്ലാം ശാസ്ത്രരം​ഗത്തെന്ന പോലെ ഓൺലൈനിലും ചൂട് പിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. 2019 ആരംഭിച്ച സോളാർ സൈക്കിൾ 2025-ൽ സൗരോർജ്ജത്തിന്റെ പരമാവധിയിൽ എത്തുമെന്നും സൗര കൊടുങ്കാറ്റ് പോലുള്ള പ്രതിഭാസമുണ്ടാകുമെന്നും ഈ കൊടുങ്കാറ്റുകൾ ഇന്റർനെറ്റ് മുതൽ പവർ വരെയുള്ള എല്ലാ ഇലക്ട്രോണിക്, ആശയവിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നും ആദ്യംമുതൽ വാദമുയർന്നിരുന്നു. ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിക്കുമെന്ന് പറയുമ്പോഴും ഇന്നത്തെ ഡിജിറ്റൽ ലോകം സോളാർ മാക്സിമത്തെ നേരിടാൻ തയ്യാറായിട്ടില്ലെന്നും ഗവേഷകർക്കിടയിൽ അഭിപ്രായമുയരുന്നുണ്ട്.

‘ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്’ തുടങ്ങിയ പദങ്ങളാണ് ഈ സംഭവത്തെ വിശദീകരിക്കാനായി സോഷ്യൽമീഡി‌യ ഉപയോ​ഗിച്ചത്. ശാസ്ത്രീയമായി സ്ഥിരീകരണമില്ലാത്ത വിഷയത്തെ പ്രചരിപ്പിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ പോലും പലരും ഉദ്ധരിച്ചു. 2025ലെ സോളാർ കൊടുങ്കാറ്റ് മൂലം ഇന്റർനെറ്റ് അവസാനിക്കുമെന്നോ ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാകാനുള്ള സാധ്യതയെക്കുറിച്ചോ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം.

സോളാർ മാക്സിമവും തുടർന്ന് ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സാങ്കൽപികം മാത്രമല്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിനെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയായത്. ശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചേക്കാം. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു അപൂർവ സംഭവമായിരിക്കുമതെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലിഗ്രാഫ് ലൈനുകൾ പൊട്ടിത്തെറിക്കുകയും ഓപ്പറേറ്റർമാർ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്‌ത 1859-ലെ കാരിംഗ്ടൺ സംഭവത്തെക്കുറിച്ചും 1989-ലെ സോളാർ കൊടുങ്കാറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.

”നമ്മൾ ഒരിക്കലും അസാധാരണ സംഭവങ്ങൾ അഭിമുഖീകരിച്ചിട്ടില്ല. നമ്മുടെ സാങ്കതിക സംവിധാനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. ഇത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ പരിശോധനയിൽ ഉൾപ്പെട്ടിട്ടില്ല”- കാലിഫോർണിയ ഇർവിൻ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ പ്രൊഫസർ സംഗീത അബ്ദു ജ്യോതി വാഷിങ്ടൺപോസ്റ്റിനോട് പറഞ്ഞു. സം​ഗീതയുടെ ‘സോളാർ സൂപ്പർസ്റ്റോംസ്: പ്ലാനിംഗ് ഫോർ ആൻ ഇൻറർനെറ്റ് അപ്പോക്കലിപ്‌സ്’ എന്ന പ്രബന്ധം നേരത്തെ വലിയ രീതിയിൽ ചർച്ചയായിരുന്നു. കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ പോലുള്ള വലിയ തോതിലുള്ള സംവിധാനങ്ങളെ സൗരോർജ്ജ കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നും സം​ഗീത പറഞ്ഞു.

അത്തരം തകരാറുകൾ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും യുഎസിൽ മാത്രം ഒരു ദിവസത്തെ കണക്റ്റിവിറ്റി നഷ്ടപ്പെട്ടാൽ സാമ്പത്തിക ആഘാതം 11 ബില്യൺ ഡോളറിലധികം വരുമെന്നും അവർ വ്യക്തമാക്കി. ജൂലൈ 4 ന്, യുഎസ് സ്വാതന്ത്ര്യദിനം ആഘോഷ വേളയിൽ സൂര്യനെ ചുറ്റുന്ന നാസയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) പകർത്തിയ സോളാർ കൊടുങ്കാറ്റ് (കൊറോണൽ മാസ് എജക്ഷൻസ് -CMEs) വീഡിയോ ബഹിരാകാശ കാലാവസ്ഥാ ഭൗതികശാസ്ത്രജ്ഞനായ തമിത സ്കോവ് പങ്കിട്ടിരുന്നു.

Vartha Malayalam News - local news, national news and international news.