പല സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ ഫലം അനിശ്ചിതമായി വൈകുന്നു; രോഗം പകരാന്‍ ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍

സംസ്ഥാനത്തെ പല സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം അനിശ്ചിതമായി വൈകുന്നു. പരിശോധന കഴിഞ്ഞ് ഒന്‍പത് ദിവസത്തോളം കഴിഞ്ഞാണ് പലയിടത്തും ഫലം വരുന്നത്. ഫലം ലഭിക്കാത്തതിനാല്‍ പലരും ക്വാറന്റീന്‍ ഉപേക്ഷിക്കുകയാണ്. ദിവസങ്ങള്‍ കഴിഞ്ഞ റിസള്‍ട്ട് ലഭിക്കുമ്പോള്‍ മാത്രമാകും കൊവിഡ് ബാധിതനാണെന്ന് അറിയുക.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സാമ്പിളുകള്‍ എടുത്ത ശേഷം വിവിധ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുക. മുമ്പ് പരമാവധി മൂന്ന് ദിവസത്തിനകം ഫലം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചുരുങ്ങിയത് ഏഴ് ദിവസം കഴിഞ്ഞാല്‍ മാത്രമേ പലപ്പോഴും പരിശോധനാ ഫലം ലഭിക്കുന്നുള്ളൂ.

ചിലയിടത്ത് പത്ത് ദിവസം വരെ ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്നു. ഏപ്രില്‍ 26ന് സാമ്പിള്‍ എടുത്തെങ്കിലും മേയ് ആറ് മാത്രമാണ് ഫലം ലഭിച്ചതെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. 21നു സാമ്പിള്‍ എടുക്കുകയും 22ന് പരിശോധന നടത്തുകയും ചെയ്തിട്ടുണ്ടെന്ന് മറ്റൊരു പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ ഫലം അംഗീകരിച്ചിട്ടുള്ളത് 27നാണ്.

മറ്റൊരു പരിശോധനാ റിപ്പോര്‍ട്ടില്‍ 20ന് സാമ്പിള്‍ ലാബില്‍ എത്തിയിട്ടുണ്ടെങ്കിലും 29നു മാത്രമാണ് പരിശോധനാ നടത്തിയതെന്നും വ്യക്തമാക്കി. പരിശോധനാഫലം വൈകുന്നതോടെ രോഗം സംശയിക്കുന്ന പലരും ദിവസങ്ങള്‍ കഴിയുമ്പോള്‍ ക്വാറന്റീന്‍ ഉപേക്ഷിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്യുന്നു. ഫലം വരുമ്പോള്‍ മാത്രമാണ് പോസിറ്റീവാണെന്ന് അറിയുക. ഇതും രോഗം പകരാന്‍ ഇടയാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്.

Vartha Malayalam News - local news, national news and international news.