'പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍; 50 ശതമാനം ക്യാന്‍സറുകളും ചെറുക്കാനാകുമെന്ന് ഡോ. വി.പി ഗംഗാധരന്‍

കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്ബോള്‍ കാന്‍സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍.

കാന്‍സര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസിതരാജ്യങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുന്ന 50 ശതമാനം പേരും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് മരണടയാറുണ്ട്. എന്നാല്‍ ക്യാൻസര്‍ ബാധിക്കുന്ന ഒരാളെ ചികിത്സിച്ച്‌ ഭേദമാക്കാനാകുമെന്ന് ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

പൊറോട്ടയും ബീഫും ഒരുമിച്ച്‌ കഴിക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോ. വി.പി ഗംഗാധരൻ വ്യക്തമാക്കി. മൈദ അപകടരമാണ്. വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ തുടര്‍ച്ചയായി പൊറോട്ടയും ബീഫും കഴിക്കുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ കുട്ടിക്കാലത്ത് പൊറോട്ടയും ബീഫും കഴിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇപ്പോള്‍ കഴിക്കാറില്ലെന്നും ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ടല്ലോ എന്ന ചോദ്യത്തോട് ഡോ. വി.പി ഗംഗാധരന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു, “പാശ്ചാത്യര്‍ പൊറോട്ടയും ബീഫും കഴിക്കാറുണ്ട്. എന്നാല്‍ അവര്‍ അതിനൊപ്പം സാലഡും കഴിക്കുന്നു. അവര്‍ ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നുണ്ട്. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഇത് കഴിക്കും. നമ്മുടെ നാട്ടിലെ പരമ്ബരാഗത ഭക്ഷണങ്ങളായ അവിയല്‍, തോരൻ എന്നിവയില്‍ ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അവ എത്രത്തോളം കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. നമ്മളില്‍ എത്രപേര്‍ കുട്ടികളുടെ ടിഫിൻബോക്സില്‍ വാഴപ്പിണ്ടിത്തോരൻ വെക്കാറുണ്ട്. ഫാസ്റ്റ് ഫുഡ് ഭക്ഷണരീതി അതിവേഗം മനുഷ്യനെ കൊല്ലും “.

പതിവായി ഇന്ത്യൻ കോഫി ഹൌസില്‍നിന്ന് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഡോ. വി.പി ഗംഗാധരൻ ഒരിക്കല്‍ അവിടെ കണ്ട കാഴ്ചയും വിവരിച്ചു. തന്‍റെ സമീപത്തെ ടേബിളില്‍ ഇരുന്ന ഒരാള്‍ പൊറോട്ടയും ബീഫും മറ്റ് രണ്ടു മൂന്ന് വിഭവങ്ങളും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു തുടങ്ങുന്നതിന് മുമ്ബ് അദ്ദേഹം ഒരു ചെറിയ പെട്ടി തുറന്ന് അതില്‍നിന്ന് നാലഞ്ച് ഗുളികകള്‍ എടുത്തു കഴിച്ചു. അതില്‍ ഒരെണ്ണം പ്രമേഹത്തിനുള്ളതും മറ്റൊന്ന് കൊളസ്ട്രോളിനുള്ളതും മറ്റൊന്ന് ബിപിയുടേതുമായിരുന്നു. മറ്റൊരൊണ്ണം ഗ്യാസ്ട്ര്ബളിനുള്ള ഗുളിക ആയിരിക്കാം. മലയാളിയുടെ ഭക്ഷണം ശീലമാണ് അവരെ രോഗികളാക്കുന്നതെന്നും ഡോ. വി.പി ഗംഗാധരൻ പറഞ്ഞു.

കൂടുതലായി ചുവന്ന മാംസം കഴിക്കുന്നത് ദോഷകരമാണെന്ന് ഡോ. വി.പി ഗംഗാധരൻ പറഞ്ഞു. ബീഫും ചിക്കനും മട്ടനുമൊക്കെ വല്ലപ്പോഴും കഴിക്കാം. ചെറിയ മല്‍സ്യങ്ങള്‍ ധാരാളമായി കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിന് ഒരു പ്ലേറ്റില്‍ അമ്ബത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. അതിനൊപ്പം പതിവായി വ്യായാമം ചെയ്യുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ക്യാൻസര്‍ ചികിത്സയ്ക്കായി കൂടുതല്‍ ആശുപത്രികളും കെട്ടിടങ്ങളും നിര്‍മിക്കുന്ന സര്‍ക്കാരുകളുടെ രീതിയെ ഡോ. വി.പി ഗംഗാധരൻ വിമര്‍ശിച്ചു. ക്യാൻസര്‍ കണ്ടെത്തുന്നതിനുള്ള രോഗനിര്‍ണയ ക്യാംപുകളുമാണ് കൂടുതലായി സംഘടിപ്പിക്കേണ്ടത്. എന്നാല്‍ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ കെട്ടിടങ്ങളും ആശുപത്രികളും നിര്‍മിച്ച്‌ മറ്റുള്ളവരെ കാണിക്കുന്നതിലാണ് താല്‍പര്യമെന്ന് അദ്ദേഹം പറഞ്ഞു.

Vartha Malayalam News - local news, national news and international news.